കോഴിക്കോട്: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട കോറോ ഹെൽത്ത് കമ്പനിക്കെതിരേ ഇടതുപാര്‍ട്ടികള്‍. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പിരിച്ചുവിട്ട നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ് പ്രസ്താവനയില്‍ അറിയിച്ചു.
നടപ്പിലാകാത്ത ലേബര്‍കോഡിന്റെ പേരില്‍ കേരളത്തില്‍ ഈ കമ്പനി നടത്തിവരുന്ന തൊഴില്‍ നിഷേധം യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. തൊഴിലാളികൾക്ക് നിയമപരമായ എല്ലാ പിന്തുണയും നൽകുമെന്നും തൊഴിൽ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്നും സിപിഐ ജില്ലാ സെക്രട്ടറി പി.ഗവാസ്, എഐടിയുസി സംസ്ഥാന സെക്രട്ടറി പി.കെ. നാസർ എന്നിവരും ജീവനക്കാരോട് വ്യക്തമാക്കി.
പുതിയ ലേബർ കോഡ് നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഇവിടെയാണ് ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്. തൊഴിലാളികളും അവരുടെ കുടുംബങ്ങളും പെരുവഴിയിലായപ്പോൾ മൂക സാക്ഷിയായി നിൽക്കുകയാണ് സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ തന്നെയാണ് സംസ്ഥാന സർക്കാരും പിന്തുടരുന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
കഴിഞ്ഞ എൽഡിഎഫ് സർക്കാർ കാലത്ത് ഇത്തരത്തിലുള്ള തൊഴിലാളി വിരുദ്ധ നടപടികൾ നടത്താൻ ഒരു കമ്പനിയ്ക്കും ധൈര്യമുണ്ടായിരുന്നില്ല. ലാഭകരമായി പ്രവർത്തിക്കുമ്പോഴാണ് കോറോ ഹെൽത്ത് കമ്പനി കേരളത്തിലുള്ള രണ്ട് ഓഫീസുകളും അടച്ചുപൂട്ടിയത്. ഇതേ സമയം ചെന്നൈയിലും ബംഗളൂരുവിലുമെല്ലാം സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ജീവനക്കാരെ പിരിച്ചുവിടുമ്പോഴാണ് മറ്റ് സ്ഥലങ്ങളിൽ കൂടുതൽ പേരെ ജോലിക്കെടുത്തത്. കുറഞ്ഞ വേതനത്തിന് പുതിയ ജീവനക്കാരെ നിയമിച്ച് മുന്നോട്ട് പോകാനാണ് കമ്പനിയുടെ നീക്കം.
തൊഴിലാളികളുടെ അവകാശങ്ങൾക്കായി എല്ലാ വിഭാഗം തൊഴിലാളികളെയും കൂട്ടി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഇരുവരും വ്യക്തമാക്കി. ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ട കോറോ ഹെൽത്ത് ഇൻഫോടെക് കമ്പനി നടപടിയിൽ പ്രതിഷേധിച്ച് വെസ്റ്റ്ഹിൽ ചുങ്കത്തെ കമ്പനി ഓഫീസിലേക്ക് സിഐടിയുവിന്റെ നേതൃത്വത്തിലും മാർച്ച് നടന്നു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു.